ട്രെയിനുകള്‍ 'ഹൗസ്ഫുള്‍'; റെയില്‍വേയ്ക്ക് അനങ്ങാപ്പാറനയം

ബാംഗ്ലൂര്‍: ബസ്സുകള്‍ക്കുപുറമെ ട്രെയിനുകളും 'ഹൗസ്ഫുള്ളാ'യതോടെ ക്രിസ്മസിനും ശബരിമല തീര്‍ഥാടനത്തിനുമായി നാട്ടിലേക്കുള്ള യാത്ര ഇക്കുറിയും ദുരിതപൂര്‍ണമാകും. കേരളത്തിലേക്കുള്ള ഒട്ടുമിക്ക ബസ്സുകളിലും ബുക്കിങ് തുടങ്ങിയയുടന്‍ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. ട്രെയിനുകളിലും ടിക്കറ്റില്ല. സ്‌പെഷല്‍ സര്‍വീസ് മാത്രമാണ് ഇനി ആശ്രയം. എന്നാല്‍ ക്രിസ്മസിന് രണ്ടാഴ്ചയും മകരവിളക്കിന് ഒരു മാസവും മാത്രമേ ബാക്കിയുള്ളൂവെങ്കിലും പ്രത്യേക സര്‍വീസിന്റെ കാര്യത്തില്‍ അനങ്ങാപ്പാറനയത്തിലാണ് ദക്ഷിണ റെയില്‍വേയും ദക്ഷിണ-പശ്ചിമ റെയില്‍വേയും. 
തെക്കന്‍ കേരളത്തിലേക്കുള്ള ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസിലും ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസിലും ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ നില വെയിറ്റിങ് ലിസ്റ്റിലേക്കു കടന്നു. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ബാംഗ്ലൂര്‍- എറണാകുളം സര്‍വീസ് മാത്രമാണ് യാത്രക്കാര്‍ക്കു കുറച്ചെങ്കിലും ആശ്വാസമാകുന്നത്. എന്നാല്‍ ഇതിലും ടിക്കറ്റുകള്‍ ഇല്ലാതായതോടെ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപനത്തിലാണ് യാത്രക്കാരുടെ പ്രതീക്ഷ. പക്ഷേ, സ്‌പെഷല്‍ ട്രെയിനുകള്‍ മിക്കപ്പോഴും ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള ദിവസം മാത്രമാണ് പ്രഖ്യാപിക്കുന്നത്. ഇതുമൂലം യാത്രക്കാര്‍ സര്‍വീസിനെക്കുറിച്ചറിയാതെ പോകുന്നതായി പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ നേരത്തേ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 
മലബാറിലേക്കുള്ള വണ്ടികളിലും ടിക്കറ്റ് ബുക്കിങ് വെയിറ്റിങ് ലിസ്റ്റിലേക്ക് കടന്നിരിക്കുകയാണ്. പാലക്കാട് വഴിയുള്ള കണ്ണൂര്‍ എക്‌സ്പ്രസിലും മംഗലാപുരം വഴിയുള്ള കണ്ണൂര്‍ സര്‍വീസിലും ഡിസംബര്‍ 22, 23 തീയതികളില്‍ ടിക്കറ്റ് കിട്ടാനില്ല.
(പി. യാമിനി, Mathrubhumi dt 9-12-2011)

No comments:

Post a Comment