കണ്ണൂര്‍-ഷൊര്‍ണൂര്‍ സെക്ടറില്‍ യാത്രാക്ളേശം രൂക്ഷം

കോഴിക്കോട്: മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന രണ്ട് പ്രതിദിന ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകള്‍ ജനോപകാരപ്രദമല്ലാതാവുന്നു. നവംബര്‍ 18 മുതല്‍ ഓടിത്തുടങ്ങിയ മംഗലാപുരം-പാലക്കാട് ഇന്‍റര്‍സിറ്റിയും നേരത്തേ നിലവിലുള്ള കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റിയുമാണ് മുന്നിലും പിന്നിലുമായി സര്‍വീസ് നടത്തി യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നത്. ഉച്ചക്ക് 12ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന പാലക്കാട് ഇന്‍റര്‍സിറ്റി ഉച്ചക്ക് 2.10ന് കണ്ണൂരും 3.35ന് കോഴിക്കോട്ടും എത്തും.  20 മിനിറ്റിനുശേഷം 2.30ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന എറണാകുളം  ഇന്‍റര്‍സിറ്റി നാലിന് കോഴിക്കോട്ടെത്തി 20 മിനിറ്റിന്‍െറ  വ്യത്യാസത്തില്‍ ഷൊര്‍ണൂര്‍വരെ ‘പിന്തുടരും’.
ദിവസവും 11.15ന് കണ്ണൂരില്‍നിന്ന് യാത്ര തുടരുന്ന മംഗലാപുരം-കോയമ്പത്തൂര്‍ എക്സ്പ്രസ് കഴിഞ്ഞാല്‍ പിന്നെ മൂന്നുമണിക്കൂര്‍ നേരത്തേക്ക് കോഴിക്കോട് ഭാഗത്തേക്ക് വേറെ ട്രെയിനില്ല. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ 1.30ന് കണ്ണൂരിലെത്തുന്ന പുണെ-എറണാകുളം ദൈ്വവാര ട്രെയിനുകള്‍ ഉണ്ടെങ്കിലും ഇതിന് മാഹി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലൊന്നും സ്റ്റോപ്പുമില്ല. രാവിലെ 11നും ഉച്ചക്ക് രണ്ടിനുമിടയില്‍ മറ്റു ട്രെയിനുകളൊന്നുമില്ലാത്തതിനാല്‍ കണ്ണൂര്‍-കോഴിക്കോട്-ഷൊര്‍ണൂര്‍ യാത്രക്ക് ജനം ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഉച്ചക്ക് 2.30ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന എറണാകുളം ഇന്‍റര്‍സിറ്റിയില്‍ കോച്ചുകള്‍ കുറവായതിനാല്‍ എന്നും നിറഞ്ഞ് കവിഞ്ഞാണ് സര്‍വീസ് നടത്തുന്നത്. കൃത്യം നാലിന് കോഴിക്കോട്ടെത്തുന്ന ഈ ട്രെയിനില്‍ എറണാകുളത്തിനുപുറമെ പാലക്കാട് ഭാഗത്തുള്ളവരും യാത്ര ചെയ്യുന്നുണ്ട്. ഷൊര്‍ണൂരില്‍നിന്ന് കണക്ഷന്‍ ട്രെയിന്‍ ലഭിക്കുമെന്നതാണ് കാരണം. മംഗലാപുരം-പാലക്കാട് ഇന്‍റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റായതിനാല്‍ ഏത് ടിക്കറ്റിനും എട്ട് രൂപ അധികം നല്‍കണം. ഇതുകാരണം സാധാരണക്കാര്‍ പിന്നാലെ വരുന്ന എറണാകുളം ഇന്‍റര്‍സിറ്റിയെയാണ് ആശ്രയിക്കുന്നത്.
ഉച്ചക്ക് 12ന് മംഗലാപുരത്ത്നിന്ന് പുറപ്പെടുന്ന പാലക്കാട് ഇന്‍റര്‍സിറ്റി ഒരുമണിക്കൂര്‍ നേരത്തേയാക്കിയാല്‍ മംഗലാപുരം-കണ്ണൂര്‍-കോഴിക്കോട്-ഷൊര്‍ണൂര്‍ സെക്ടറിലെ യാത്രാക്ളേശം ഒരുപരിധിവരെ പരിഹരിക്കാനാകും. ദിവസവും ഉച്ചക്ക് 1.15ന് മംഗലാപുരത്തുനിന്ന് ചെന്നൈ മെയില്‍ ഉള്ളതിനാല്‍ പാലക്കാട് ഇന്‍റര്‍സിറ്റിയുടെ ഷെഡ്യൂള്‍ ഒന്നോ, ഒന്നരമണിക്കൂറോ മുന്നോട്ടാക്കാനാകുമെന്ന് റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. എന്നാല്‍, പാലക്കാട് ഡിവിഷന്‍ ഓഫിസിലെ മലയാളിയായ ഒരു ഓഫിസര്‍ ഇതിനു തടസ്സംനില്‍ക്കുന്നതായി റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. മംഗലാപുരം-പാലക്കാട് ഇന്‍റര്‍സിറ്റിയുടെ സമയം മുന്നോട്ടാക്കുക, സൂപ്പര്‍ഫാസ്റ്റ് പദവി എടുത്തുകളയുക  തുടങ്ങി ആവശ്യങ്ങളുമായി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രക്ഷോഭ രംഗത്തുണ്ട്.
(Madhyamam dt 7-12-2011)

No comments:

Post a Comment