Clarification from Railways etc

റെയില്‍വേ: കേരളത്തിന്റെ പ്രത്യേക സാഹചര്യം തിരിച്ചറിയണം

മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ റെയില്‍വേയില്‍ ആധുനീകരണം നടന്നേ തീരൂ. ദീര്‍ഘദൂര വണ്ടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ വേഗതകൂട്ടുക എന്നത് മുഖ്യ ഉപാധിയാണ്. അതിന് പാതകളുടെ ശേഷി വര്‍ധിപ്പിക്കണം. ബോഗികള്‍ ആധുനീകരിക്കണം. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. വൈദ്യുതീകരിച്ച ഇരട്ടപ്പാത എന്നത് സുഗമമായ തീവണ്ടിഗതാഗതത്തിന്റെ അടിസ്ഥാന ആവശ്യമാണ്. ഓട്ടോമാറ്റിക് സിഗ്‌നലിങ് ഏര്‍പ്പെടുത്തിയാല്‍ വണ്ടികള്‍ പിടിച്ചിടുന്നത് ഒഴിവാക്കാനും നിലവിലെ പാതയിലൂടെത്തന്നെ കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും കഴിയും.
ഒരു മഹാനഗരംപോലെ പടര്‍ന്നുകിടക്കുന്ന കേരളത്തില്‍ ഹ്രസ്വ, ദൂരയാത്രക്കാര്‍ക്കുവേണ്ടി റെയില്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റുകളും (മെമു) മെട്രോ, മോണോ റെയില്‍ സര്‍വീസുകളും ആരംഭിക്കണം. നിലവിലുള്ള സ്‌റ്റോപ്പുകള്‍ കുറക്കുന്നത് സാധാരണക്കാരെയാണ് ബാധിക്കുക. അതിനാല്‍, അവര്‍ക്കും രണ്ടാംനിര സ്‌റ്റേഷനുകളില്‍നിന്ന് ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കും സൗകര്യപ്പെടുന്ന വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ 'മെമു' സര്‍വീസുകള്‍ ആരംഭിച്ച ശേഷമേ മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കാവൂ.
ദീര്‍ഘദൂര വണ്ടികളെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചാണ് മറ്റൊരു ഭേദഗതി ആവശ്യമുള്ളത്. നിലവില്‍ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന തീവണ്ടികളെ ദീര്‍ഘദൂര വണ്ടികളായി കണക്കാക്കാനാണ് റെയല്‍വേ ലക്ഷ്യമിടുന്നത്. ഈയൊരു തീരുമാനം കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇതനുസരിച്ച് തിരുവനന്തപുരത്തുനിന്ന് മംഗലാപുരം, ചെന്നൈ, ബംഗളൂരു എന്നീ അയല്‍സംസ്ഥാന നഗരങ്ങളിലേക്കുള്ള വണ്ടികള്‍വരെ ദീര്‍ഘദൂര വണ്ടികളായി കണക്കാക്കപ്പെടും. ഇവയുടെയും കേരളത്തിനകത്തോടുന്ന മാവേലി, മലബാര്‍, പരശുറാം, ഏറനാട്, വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി എക്‌സ്‌പ്രസുകളുടെയും സ്‌റ്റോപ്പുകള്‍ കുറക്കുന്നത് ആശ്വാസ്യമല്ല. മെമു സര്‍വീസ് യാഥാര്‍ഥ്യമാകുന്നതുവരെ ഈ വണ്ടികളെല്ലാം ഹ്രസ്വദൂര ഗണത്തില്‍പെടുത്തി കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിക്കുകയാണ് വേണ്ടത്.
ദീര്‍ഘദൂര വണ്ടികളെ ഒട്ടും ആശ്രയിക്കേണ്ടിവരാത്ത ഒരു കാലമാണ് ഹ്രസ്വദൂരയാത്രക്കാരുടെ സ്വപ്‌നം.
പാലക്കാട് മെമു ഷെഡ് പണി പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ആവശ്യത്തിന് ബദല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ സ്‌റ്റോപ്പുകള്‍ കുറക്കുന്ന നടപടിയുമായി  റെയില്‍വേ മുന്നോട്ടുപോകുമോയെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
പി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി
തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ്
അസോസിയേഷന്‍


(Mathrubhumi dt 26-4-2011)
(Malayala Manorama dt 26-4-2011)
A temporary consolation only.

No comments:

Post a Comment