റെയില്‍വേ ബജറ്റിലെ കൊല്ലം 'മെമു' പ്രഖ്യാപനം പാഴ്‌വാക്കായി


കെ. പരമേശ്വരന്‍

മലപ്പുറം: കേന്ദ്ര റെയില്‍വേ ബജറ്റിലെ കൊല്ലം-എറണാകുളം മെമു (മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) ട്രെയിന്‍ സര്‍വീസ് പ്രഖ്യാപനം പാഴ്‌വാക്കാവുന്നു. ബജറ്റില്‍ പ്രഖ്യാപിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ അതത് സാമ്പത്തിക വര്‍ഷംതന്നെ ആരംഭിക്കണമെന്ന വ്യവസ്ഥ ഒരുപക്ഷെ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി തെറ്റുകയാണ്. അതേസമയം, മെമു സര്‍വീസിന് എല്ലാ സൗകര്യങ്ങളുമുള്ള പാലക്കാട്ടെ മെമു ഷെഡ് ഉപയോഗശൂന്യമായി കിടക്കുകയാണ്.
2010-11 റെയില്‍വേ ബജറ്റിലാണ് കോട്ടയം വഴി കൊല്ലം-എറണാകുളം റൂട്ടില്‍ മെമു സര്‍വീസ് പ്രഖ്യാപിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരവും ലഭിച്ചു. ഇതോടെ 356/357 നമ്പര്‍ കൊല്ലം-എറണാകുളം-കൊല്ലം മെമു ട്രെയിന്‍ സര്‍വീസ് 2010 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വന്ന ദക്ഷിണ റെയില്‍വേയുടെ സമയവിവര പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇതോടെ കൊല്ലം-എറണാകുളം-കൊല്ലം മെമു ട്രെയിന്‍ ഈമാസം 31നകം സര്‍വീസ് തുടങ്ങേണ്ടതാണ്.  എന്നാല്‍ നിശ്ചിത സമയത്തിനകം ഈ ട്രെയിന്‍ ഓടിത്തുടങ്ങില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇതിന് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാകാത്തതാണ് കാരണം.
2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ റെയില്‍വേ ബജറ്റിലും കൊല്ലം-എറണാകുളം-കൊല്ലം റൂട്ടില്‍ ആലപ്പുഴ വഴി ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ട്രെയിനിന്റെ സമയക്രമം അടുത്ത ജൂലൈയില്‍ പ്രാബല്യത്തില്‍ വരുന്ന ദക്ഷിണ റെയില്‍വേയുടെ സമയപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. മുന്‍ ബജറ്റിലെ പ്രഖ്യാപനം തന്നെ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇല്ലാത്ത മറ്റൊരു മെമു സര്‍വീസ് കൂടി സമയപ്പട്ടികയില്‍ കയറുന്നത്.
അതേസമയം, മെമു ഏര്‍പ്പെടുത്താന്‍ എല്ലാ സൗകര്യങ്ങളുമുള്ള പാലക്കാടിനെ ബജറ്റില്‍ അവഗണിക്കുകയും ചെയ്തു. പാലക്കാട് മെമു ഷെഡ് മൂന്ന് മാസം മുമ്പ് കമീഷന്‍ ചെയ്തിരുന്നു. ഇവിടെനിന്ന് സര്‍വീസ് ആരംഭിക്കാന്‍ എല്ലാ സൗകര്യങ്ങളും ആയിട്ടുണ്ട്.
മെമു സര്‍വീസിന് വേണ്ട റേക്കുകള്‍ (ബോഗി) റെയില്‍വേയുടെ പക്കല്‍ ലഭ്യമല്ലെന്നതാണ് പാലക്കാട്ട് സര്‍വീസ് തുടങ്ങാതിരിക്കാന്‍ കാരണമെന്നറിയുന്നു.
മെമു ഷെഡിലേക്കുള്ള ട്രാക്ക് നിര്‍മാണം പോലും നടക്കാത്ത കൊല്ലത്ത് വീണ്ടും മെമു പ്രഖ്യാപിച്ചാലും ഉടന്‍ നടപ്പാക്കേണ്ടി വരില്ലെന്നതിനാലാണ് ഓരോ ബജറ്റിലും 'കൊല്ലം മെമു' വാഗ്ദാനം ആവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
(Madhyamam dt 29-3-2011)

No comments:

Post a Comment